വൈക്കം സത്യഗ്രഹം സെമിനാർ സംഘടിപ്പിച്ചു.
September 18, 2025
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ടിൻ്റെയും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മനാ ക്യാമ്പസ് മലയാളം വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ പന്മനാ കാമ്പസിൽ വെച്ച് വൈക്കം സത്യഗ്രഹം സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരൻ പ്രൊഫ വി. കാർത്തികേയൻ നായർ സെമിനാർ ഉദ്ഘാടനം ചെയ്തു. വഴിനടക്കാന നുള്ള സമരമെന്നതോടൊപ്പം ജാതി വിവേചനത്തിനെതിരായ സമരം കൂടിയായിരുന്നു ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹമെന്നും 'പൊതു ഇടം' എന്ന ആവശ്യത്തിൻ്റെ ഉദ്ബോധനം കൂടിയായിരുന്നു ഇത് എന്നും പ്രൊഫ.വി. കാർത്തികേയൻ നായർ അഭിപ്രായപെട്ടു. 19-ാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഓരോ സമുദായങ്ങൾക്കിടയിലെ പുരോഗമനവാദികളുടെ നേതൃപരമായ പ്രക്ഷോഭം കൂടിയായിരുന്നു ഇത്. സാമൂഹിക പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന ബോധം മലയാളിയുടെ മനസ്സിൽ രൂപം കൊള്ളുന്നത് വൈക്കം സത്യഗ്രഹത്തോടെയാണ്. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിന് വൈക്കം സത്യാഗ്രഹത്തിൻ്റെ സാമൂഹികളായ ഓർമ്മകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ആമുഖ പ്രഭാഷണം നടത്തി. പന്മനാ ക്യാമ്പസ് ഡയറക്ടർ ഡോ. കെ.ബി. ശെൽവമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളവിഭാഗം അസി.പ്രൊഫസർ ഡോ. എ.എസ്. പ്രതീഷ് സ്വാഗതവും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് എഡിറ്റേറിയൽ അസിസ്റ്റൻ്റ് പ്രത്യൂഷചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു വരുന്ന അക്കാദമിക് ജേർണൽ വൈജ്ഞാനികം വാല്യം 2 ലക്കം 3 ൻ്റെ പ്രകാശനം നടന്നു. പ്രസ്തുത ജേർണലിൻ്റെ ലക്കം എഡിറ്റർ ശുഭ ബി.ആർ. ജേർണലിൻ്റെ ഉള്ളടക്കം പരിചയപ്പെടുത്തി സംസാരിച്ചു. തുടർന്ന് വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യ സമരപ്രസ്ഥാനവും എന്ന വിഷയത്തിൽ ഡോ. നൗഷാദ് എസ്, വൈക്കം സത്യഗ്രഹവും സാമൂഹിക വീക്ഷണവും എന്ന വിഷയത്തിൽ ഡോ. മിനി ബാബു, വൈക്കം സത്യഗ്രഹം - പുതു രാഷ്ട്രീയധ്വനികൾ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ പി.കെ അനിൽകുമാർ, വൈക്കം സത്യഗ്രഹവും സ്ത്രീകളും എന്ന വിഷയത്തിൽ ഡോ. ലെജ വി.ആർ, വൈക്കം സത്യഗ്രഹത്തിൻ്റെ നൂറാം വാർഷികവും രണ്ടാം നവോത്ഥാന ചിന്തകളും എന്ന വിഷയത്തിൽ ഡോ. മായ.കെ, വൈക്കം സത്യഗ്രഹം - സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻ്റെ ചരിത്ര സന്ദർഭം എന്ന വിഷയത്തിൽ ശ്രീമതി ദിവ്യ ദേവകി, ചരിത്രത്തിൻ്റെ അഭാവം : പുതുകാല മലയാള സിനിമകളിൽ എന്ന വിഷയത്തിൽ ശ്രീ. അമൽ ശൂരനാട്, സാമൂഹിക ജനാധിപത്യവും കേരളത്തിലെ നവോത്ഥാനസമരങ്ങളും: വൈക്കം സത്യഗ്രഹത്തെ മുൻനിർത്തിയ ആലോചന എന്ന വിഷയത്തിൽ ലക്ഷ്മി ശിവൻ എന്നിവർ പ്രഭാഷണം നടത്തി. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് എഡിറ്റേറിയൽ അസിസ്റ്റൻ്റുമാരായ പ്രത്യൂഷചന്ദ്രൻ, ലിൻസ കെ. എൻ. ശുഭ ബി.ആർ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു. പന്മനാ ക്യാമ്പസിലെ വിദ്യാർത്ഥി സ്നേഹശിവൻ നന്ദി പറഞ്ഞു. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ നടന്ന സെമിനാർ പ്രബന്ധങ്ങളുടെ ഉള്ളടക്കം കൊണ്ടും പ്രഭാഷകരുടെ അവതരണം കൊണ്ടും നിറഞ്ഞ സദസ്സിൻ്റെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു. സെമിനാറിൻ്റെ ഭാഗമായി നടന്ന പുസ്തക പ്രദർശനത്തിനും വില്പനയ്ക്കും ഇൻസ്റ്റിറ്റൂട്ട് ജീവനക്കാരായ സത്യൻ, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.