Featured News
സര്‍വ്വകലാശാല വാര്‍ത്തകള്‍
Published: February 12, 2026
Updated: February 12, 2026
1 min read
1. സംസ്കൃതസർവ്വകലാശാലയിൽ ശില്പശാല 16ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല ഫെബ്രുവരി 16ന് കാലടി മുഖ്യ കാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ രാവിലെ 10.30ന് ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗവും രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ ഗവേണിംഗ് കൗൺസിൽ ചെയർ പേഴ്സണുമായ ആർ. അജയൻ അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. എം. സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഡോ. വി.കെ. ഭവാനി, ഡോ. ടി.ജി. ജ്യോതിലാൽ, ഡോ. ജോസ് ആന്റണി എന്നിവർ പ്രസംഗിക്കും. കേരള സ്റ്റാർട്ട് അപ് മിഷൻ അസിസ്റ്റന്റ് മാനേജർ എം. കൃഷ്ണകുമാർ ക്ലാസ് നയിക്കും.
2. സംസ്കൃത സർവ്വകലാശാല: ഗൂഞ്ച് കളക്ഷന്‍ ഡ്രൈവ് ഉദ്ഘാടനം ചെയ്തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ മുന്‍നിര എന്‍. ജി. ഒ 'ഗുഞ്ച്' മായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുന:രുപയോഗ യോഗ്യമായ സാധനങ്ങളുടെ കളക്ഷന്‍ ഡ്രൈവ് രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. ഡോ. രേഷ്മ ഭരദ്വാജ്, ഷൈനി വി. ടി., അഞ്ജന എസ്. എന്നിവര്‍ പ്രസംഗിച്ചു. കളക്ഷന്‍ ഡ്രൈവ് ഫെബ്രുവരി 20 വരെയായിരിക്കും. ബി. എസ്. ഡബ്ല്യു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. വീട്ടുപകരണങ്ങള്‍, ഓഫീസ് വസ്തുക്കള്‍, വില്‍ക്കാത്ത സാധനങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍, സാരികള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, സ്റ്റേഷനറികള്‍, ഒരു വശം മാത്രം ഉപയോഗിച്ച പേപ്പര്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് ശേഖരിക്കുക. ശേഖരിച്ച വസ്തുക്കളില്‍ നിന്നും സാനിട്ടറി നാപ്കിന്‍, സ്കൂള്‍ കിറ്റ്, ശൈത്യകാല വസ്ത്രങ്ങള്‍, ഫാമിലി കിറ്റ് എന്നിവ തയ്യാറാക്കി ഗൂഞ്ചിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രാമീണ മേഖലകളില്‍ വിതരണം ചെയ്യും.
3. ലാങ് ലാബ് ഉദ്ഘാടനം ചെയ്തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഫ്. വൈ. യു. ജി. പി. സ്റ്റുഡന്റ്സ് ഡെവലപ്മന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാങ് ലാബിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് നിര്‍വ്വഹിച്ചു. ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ നാല് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ നൈപുണ്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പ്രോഗ്രാമില്‍ 50 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷാപരിശീലനമാണ് നല്‍കുന്നത്.